ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനായി വരിനിന്ന ഭക്തർക്ക് ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി. ഞായറാഴ്ച കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി എത്തിയതായിരുന്നു രാഹുൽ. ക്ഷേത്ര സന്ദർശനത്തിന് ശേഷം ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് അദ്ദേഹം ചായയും പ്രസാദവും വിതരണം ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി രാഹുലിനെ കണ്ട് തീർത്ഥാടകരും അമ്പരന്നു. അതേസമയം, ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
വലിയ സുരക്ഷയോടെ മാത്രം പുറത്തിറങ്ങുന്ന നേതാവിനെ ആൾക്കൂട്ടത്തിൽ ചായ വിതരണക്കാരനായി കണ്ടപ്പോൾ തീർത്ഥാടകർ ആദ്യം അമ്പരന്നു. എല്ലാവരോടും ചിരിയോടെ വിശേഷങ്ങൾ തിരക്കി രാഹുൽ ചായ വിതരണം തുടർന്നപ്പോൾ ക്യൂവിൽ നിന്നവർക്കും ആവേശമായി. “സർ, ഞങ്ങൾ ടിവിയിൽ മാത്രമാണ് നിങ്ങളെ കണ്ടിട്ടുള്ളത്, ഇതാദ്യമായാണ് ഇത്ര അടുത്ത് കാണാൻ പറ്റിയത്. എനിക്ക് നിങ്ങളോടൊപ്പം ഒരു സെൽഫി എടുക്കാനാകുമോ’ എന്ന് ഒരു യുവാവ് ജനക്കൂട്ടത്തിനിടയിൽ ചോദിച്ചു. സെൽഫി അഭ്യാർത്ഥനകൾ നിരസിക്കാതെ, തീർത്ഥാടകർക്കൊപ്പം ഫോട്ടോയെടുത്ത് ചായയും വിതരണം ചെയ്താണ് രാഹുൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുലിന്റെ കേദാർനാഥ് സന്ദർശനം കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. രാഹുൽ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. ഇന്ന് ഛത്തീസ്ഗഢിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്റെ കേദാർനാഥ് സന്ദർശനം.