കൊച്ചി: കളമശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തിൽ മരണ സംഖ്യ മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരണത്തിനു കീഴടങ്ങി. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം നൽകി വരികയായിരുന്നു.
എന്നാൽ, ആരോഗ്യനില വഷളായതിനെത്തുടർന്ന് മരുന്നുകളോട് പ്രതികരിക്കാതെ വരുകയും ഇന്ന് പുലർച്ചെ 12.40ന് ജീവൻ വെടിയുകയുമായിരുന്നെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ 51 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്.
ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്.ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം.
ഇതിനുശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. കളമശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച രാവിലെ 9.40ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്.