കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ തീവ്രാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഡി ജി പി ഉടൻ സ്ഥലത്തെത്തും. സംഭവത്തിൽ കേന്ദ്രസർക്കാരും വിവരം തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് എത്രയുംപെട്ടെന്ന് സമർപ്പിക്കാനാണ് നിർദ്ദേശം. തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻ എസ് ജി സംഘത്തോടും സ്ഥലത്തെത്തിയ അന്വേഷിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എൻ ഐ എയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
സ്ഫോടനത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാ ചുമതലയുള്ള എഡിജിപിയും ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രി രാജീവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബാക്രമണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് സ്ഫോടകവസ്തു സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.
ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രാർത്ഥനയുടെ സമയത്തായിരുന്നു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവർ നിലവിളിച്ചുകൊണ്ട് താഴെ വീഴുകയായിരുന്നു. പൊട്ടിത്തെറിയിൽ ഹാളിലെ കസേരകൾക്ക് തീ പിടിക്കുകയും ചെയ്തു. ഇതാേടെ സമ്മേളനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഫയർഫോഴ്സാണ് തീ കെടുത്തിയത്. കൂടുതൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണത്തിലേ കാരണം വ്യക്തമാകൂ എന്നുമാണ് പൊലീസ് പറയുന്നത്.