കോഴിക്കോട്: ഐ – ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഹോംമാച്ചിൽ ഗോകുലത്തെ ഐ ലീഗിലെ കന്നിക്കാരായ ഇൻറർ കാശിയാണ് സമനിലയിൽ തളച്ചത്. കളിയുടെ എട്ടാം മിനിറ്റിൽ തന്നെ ഗോകുലം കേരള ക്യാപ്ടൻ അലക്സ് സാഞ്ചസ് ലോപസിലൂടെ ലീഡ് നേടി. 19ാം മിനിറ്റിൽ ഇൻറർ കാശി സമനില പിടിച്ചു. എഡ്മണ്ട് ലാൽറാൻറിക്കയായിരുന്നു ഇൻറർകാശിക്കായി ഗോൾ നേടിയത്.
രണ്ടാംപകുതിയുടെ എട്ടാം മിനിറ്റിൽ ഗോകുലം കേരള വീണ്ടും ഗോൾ നേടി മുന്നിട്ടുനിന്നു. നൗഫലാണ് സ്കോറർ. ഇൻജുറി ടൈമിൽ ഇൻറർ കാശിയുടെ രണ്ടാം ഗോൾ മരിയോ ബാർക്കോ നേടിയതോടെ കളി രണ്ടേ രണ്ടിന് സമനിലയിലായി. ഗോകുലത്തിന്റെ അടുത്ത ഹോം മാച്ച് നവംമ്പർ അഞ്ചിന് നെരോക്ക എഫ്.സിയുമായാണ്.