ന്യൂഡൽഹി : തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് തനിക്കിഷ്ടമെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.
”ബി.ജെ.പിയുടെ ട്രോൾ സംഘം എന്റെ ചില സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വളരെ രസകരമാണ്. വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. എന്തിനാണ് ക്രോപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത്? അത്താഴവിരുന്നിലെ മറ്റുള്ളവരെക്കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകൾക്ക് ഒരു ജീവിതം നയിക്കുന്നവരാണ്. അത് കള്ളമല്ല” – മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.
മഹുവ മൊയ്ത്രയും ശശി തരൂരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നത്. കോൺഗ്രസ് എം.പി ശശി തരൂരും തൃണമൂൽ എം.പി മഹുവ മൊയ്ത്രയും ഒരുമിച്ച് രാത്രി വൈകിയുള്ള കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്. അത്താഴവിരുന്നിൽ ഇരുവരുടെയും ഫോട്ടോകൾ മാത്രം ക്രോപ്പ് ചെയ്താണ് പ്രചാരണം.