തിരുവനന്തപുരം: തെക്കൻ തമിഴ്നാടിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ ഫലമായും കിഴക്കൻ കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ഇന്ന് പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 17ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതോടെ മഴ കൂടുതൽ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.