തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടന്‍ കൈമാറും. ഇതിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.ആദ്യ കപ്പല്‍ എത്തിയതിന്റെ ഭാഗമായി വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ-15 എത്തിയത്.
തുറമുഖം ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവില്‍ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ 400-ല്‍ പരം പോലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയനിലെ സുരക്ഷാ ഉദ്യോഗസ്ഥരും തുറമുഖ കവാടത്തിലുണ്ട്. രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള വിഴിഞ്ഞം തുറമുഖത്ത് ശക്തമായ വ്യോമ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോസ്റ്റല്‍ പോലീസിന്റെ 10 ബോട്ടുകളാണ് ഷെന്‍ഹുവ-15ന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൂടാതെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. ആദ്യ കപ്പല്‍ എത്തുന്നതിന്റെ ആഘോഷപരിപാടികൾ 15ന് നടക്കാനിരിക്കേ ശനിയാഴ്ച വൈകുന്നേരം മുതല്‍ പോലീസിന്റെ നിയന്ത്രണത്തില്‍ ആകും ഈ തീരമേഖല.