തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ സഭയുമായി അനുനയനീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തി.
നാടിന് നന്മ വരുന്ന കാര്യങ്ങള്‍ നടക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം ഇടവക വികാരി മോണ്‍. നിക്കോളാസ് പറഞ്ഞു. എന്നാല്‍ പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത് തങ്ങളെയാണ്. അതുകൊണ്ട് തങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കപ്പെടണം.ഇക്കാര്യങ്ങളില്‍ മന്ത്രി വളരെ അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുകകൂടി വേണം. തുറമുഖ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ പങ്കെടുക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നുംഅദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം സമരകാലത്ത് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.യൂജിന്‍ പെരേര വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടി മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുനയനീക്കവുമായി വിഴിഞ്ഞം ഇടവകയെ സമീപിച്ചത്.