കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് നടക്കും. എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വികസനപ്രവൃത്തികളുടെ ഉള്‍പ്പെടെ അവലോകനം നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നു മണിവരെയാണ് യോഗം.ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവുമാണ് നടക്കുന്നത്.
ജില്ലകളിലെ വികസനപ്രവൃത്തികളുടെയും ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവും നടക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും നാല് ജില്ലകളില്‍ നിന്നുള്ള കലക്ടര്‍മാരും വകുപ്പ് തലവന്മാരും യോഗത്തില്‍ പങ്കെടുക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക, സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
ചീഫ് സെക്രട്ടറി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്വന്ഷന് സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.