തിരുവനന്തപുരം: കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) പിൻവാങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ സംസ്ഥാനത്ത് ഇതുവരെ 38 ശതമാനത്തിന്റെ കുറവ്. ഇനിയുള്ള ദിവസങ്ങളിൽ പെയ്യുന്ന മഴയിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങിയത്. ഒക്ടോബർ 15ന് പിൻവാങ്ങും
കടൽപരപ്പിലെ ചൂട് കൂടിയതിനാൽ ഇക്കുറി മഴ കുറവായിരിക്കുമെന്ന് തുടക്കത്തിലേ ആശങ്കയുണ്ടായിരുന്നു. ജൂണിൽ കിട്ടേണ്ടതിൽ 60% മഴയുടെ കുറവ്. ജൂലായിൽ ഒൻപത് ശതമാനം. ആഗസ്റ്റിൽ 87 ശതമാനം കുറവും. ഈ മാസം സ്ഥിതി മെച്ചപ്പെട്ടു. ഇതുവരെ 33% അധിക മഴ കിട്ടി.
അറബിക്കടലിൽ കർണാടക തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം വടക്കൻ കേരളത്തിൽ അടുത്ത മൂന്നുദിവസം മഴ ലഭിക്കാൻ ഇടയാക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കാരണം എല്ലാ ജില്ലകളിലും മഴ പെയ്യാനും സാദ്ധ്യതയുണ്ട്. ചക്രവാതച്ചുഴിയുടെ സാന്നിദ്ധ്യംമൂലം വൈകുന്നേരങ്ങളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകും. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്. അതിനാൽ ഒക്ടോബർ ഒന്നുവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത.
ഇന്ന് 10 ജില്ലകളിൽ
യെല്ലോ അലർട്ട്
ഇന്ന് പത്തുജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലർട്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. നാളെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.