തൃശൂർ : കരുവന്നൂർ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിൽ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും, സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദ്ദമുണ്ടാക്കാനും ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു.
സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുത്തണമെന്നാണ് ജില്ലാകമ്മിറ്റിയിൽ ഉയർന്ന ആവശ്യം. ഇ.ഡി നീക്കത്തിനെതിരെ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കും. എൽ.ഡി.എഫ് നേതാക്കൾ ജാഥാ ക്യാപ്ടൻമാരായാണ് ജാഥകൾ നടത്തുക. വീട് കയറിയുള്ള ബോധവത്കരണം നടത്തും. എ.സി മൊയ്തീനെ പൂർണമായി പിന്തുണച്ച ജില്ലാ കമ്മിറ്റി, ഇ.ഡി നീക്കത്തിനെതിരെയുള്ള പ്രതിരോധം ശക്തമായി തുടരാനും തീരുമാനിച്ചു.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാകമ്മിറ്റിയിൽ നേതാക്കൾ വിമർശനമുയർത്തി. കൃത്യസമയത്ത് നടപടിയെടുക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് ഗുരുതര തിരിച്ചടിയായതെന്നായിരുന്നു വിമർശനം. പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും ചിലർ തുറന്നടിച്ചു. കരുവന്നൂരിലേത് ഒറ്റപ്പെട്ടതായി കാണരുത്. ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണം. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുത്. കരുവന്നൂർ ബാങ്കിന്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പ തട്ടിപ്പാരോപണവും, കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണ്ണത്തട്ടിപ്പ് ആരോപണവും ശരിയല്ലെന്നും അഭിപ്രായമുയർന്നു. ഈ ബാങ്കിലെ സംഭവങ്ങളിൽ പങ്കില്ലെന്ന് നേതാക്കൾ വിശദീകരിച്ചു.