കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു പ്രതിപോലും കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും വ്യാഴാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
വിചാരണ നടപടികള്‍ക്കായി പ്രതികള്‍ ഹാജരാകാത്തതില്‍ കഴിഞ്ഞദിവസം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേരത്തെ, അഞ്ചു തവണയായി കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായിരുന്നില്ല. എന്നാൽ തങ്ങള്‍ വിടുതല്‍ ഹര്‍ജി നല്‍കിയതിനാലാണ് ഹാജരാകാത്തതെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് നിലനില്‍ക്കില്ലെന്നും അതിനാൽ തങ്ങളെ ഒഴിവാക്കണമെന്നും പ്രതികള്‍ അപേക്ഷിച്ചതായാണ് വിവരം.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കെ.സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റൈ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കാണ് നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളാണ്.
പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
മണികണ്ഠറൈ, സുരേഷ് നായിക്, സുനില്‍ നായിക് എന്നിവരാണ് സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത് ബാലകൃഷ്ണ ഷെട്ടിയാണെന്നും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ലോകേഷ് നോണ്ടയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശനാണ് കാസര്‍കോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പോലീസാണ് കേസെടുത്തത്. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.