ദുബൈ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി. ദിൽ ജഷൻ ബോലെ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ പ്രീതം ചക്രവർത്തിയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഐസിസി ഗാനം ആരാധകരുമായി പങ്കുവച്ചു.
ബോളിവുഡ് നടൻ രണ്‍വീർ സിംഗാണു ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകൻ പ്രീതവുമുണ്ട്. ശ്ലോകെ ലാൽ, സാവേരി വർമ എന്നിവരാണു രചന. പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടും. 2011ലാണ് അവസാനമായി ഇന്ത്യയിൽവച്ച് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഒക്ടോബർ എട്ടിന്, കരുത്തരായ ഓസ്ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.