ഗ്യാംഗ്ഷു : ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയോടെ തുടക്കം. അയൽക്കാരായ ചൈനയോട് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്.
16-ാം മിനിറ്റിൽ ചൈനയാണ് സ്കോറിംഗ് തുടങ്ങിയത്. ഗാവോ റ്റിയാനിയായിരുന്നു സ്കോറർ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി.രാഹുലിന്റെ തകർപ്പൻ ഗോളിലൂടെ ഒപ്പമെത്തിയത് മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് എടുത്തു പറയാനുള്ളത്. 1-1 എന്ന നിലയിൽ ആദ്യ പകുതിയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിക്ക് എത്തിയ ചൈന ഇന്ത്യൻ സംഘത്തെ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് പിന്നീട് കാഴ്ചവച്ചത്. 51-ാം മിനിറ്റിൽ തന്നെ ചൈന വീണ്ടും ലീഡ് പിടിച്ചു. ഡായി വിജുൻ ആയിരുന്നു സ്കോറർ.
70-ാം മിനിറ്റിൽ പകരക്കാരനായി ഫാംഗ് ഹോ കളത്തിലിറങ്ങിയതോടെ ചൈനീസ് ആക്രമണത്തിന് വേഗം കൂടി. മൂന്ന് മിനിറ്റിനിടെ താവോ ക്വയ്ൻലോംഗ് രണ്ട് തവണ സ്കോർ ചെയ്തതോടെ ചൈനയുടെ ഗോൾ നില നാലായി. രണ്ടു ഗോളുകൾക്കും വഴി തുറന്നത് പകരക്കാരൻ ഫാംഗ് ഹോ ആയിരുന്നു. ഇഞ്ചുറി ടൈമിൽ ഫാംഗ് ഹോ കൂടി സ്കോറർമാരുടെ പട്ടികയിൽ എത്തിയതോടെ ചൈനയുടെ ജയം സമ്പൂർണമായി.
വീസ പ്രശ്നങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ താരങ്ങളെല്ലാം വൈകിയാണ് ഗ്യാംഗ്ഷുവിൽ എത്തിയത്. താരങ്ങളുടെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. തിങ്കളാഴ്ച അർധ രാത്രിയാണ് ഇന്ത്യൻ ടീം ചൈനയിൽ എത്തിയത്. മണിക്കൂറുകൾക്കകം താരങ്ങൾക്ക് ആദ്യ മത്സരത്തിന് ഇറങ്ങേണ്ടിയും വന്നു.