തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത ഇന്നു മുതൽ സർവീസ് ആരംഭിച്ചു. രാവിലെ ഏഴിന് കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ മേയർ പ്രസന്ന ഏണസ്റ്റ് ഫ്ളാഗ് ഒഫ് ചെയ്തു.ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ആദ്യം കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും ജനത ബസുകൾ സർവീസ് നടത്തുക. ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസുകളുടെ സമയക്രമം.
കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് 7.15നാണ് ജനത സർവീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും.വൈകിട്ട് 4.45ന് തമ്പാനൂരില്‍നിന്ന് വിമൻസ് കോളജ്, ബേക്കറി ജംഗ്ഷൻ വഴി സെക്രട്ടേറിയറ്റിലെ കന്റോൺമെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. വൈകിട്ട് ഇരു ബസുകളും 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. പരീക്ഷണം വിജയകരമായാൽ മറ്റ് ജില്ലകളിലും സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി.