ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
സനാതന ധര്‍മത്തെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല. ഈ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സനാതന ധര്‍മ വിവാദത്തില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തുന്നത്. സനാതന ധര്‍മത്തിനെതിരെ സംസാരിക്കുന്ന ആളുകളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്.