കോഴിക്കോട് : സംസ്ഥാനത്ത് ഒരു വ്യക്തിക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയുമായി സർക്കാർ. കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, സ്കൂളുകൾ, മദ്രസകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ അടുത്ത 10 ദിവസത്തേക്ക് പൊതുപരിപാടികളിൽ നിന്ന് ജനം വിട്ടുനിൽക്കണമെന്നും വിവാഹം, മരണസംസ്കാരം തുടങ്ങിയ ചടങ്ങുകൾക്ക് വലിയ ജനക്കൂട്ടം പാടില്ലെന്നും അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു.
നേരത്തെ, നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുന്ന 24-കാരനായ ആരോഗ്യപ്രവർത്തകന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, സംസ്ഥാനത്ത് ചികിത്സയിലുള്ള നിപ രോഗികളുടെ എണ്ണം മൂന്നായി ഉയർന്നു.