തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കേരളം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വസ്തുതകളെ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യങ്ങളും സംസ്ഥാനങ്ങളും കടമെടുക്കുന്നത് സാധാരണമാണ്. എന്നാല്‍ വികസനത്തില്‍ നിന്നും വരുമാനം പ്രതീക്ഷിച്ചാണ് അത് ചെയ്യാറുള്ളത്. പക്ഷേ നിലവിലെ സര്‍ക്കാര്‍ ഒന്നും മുന്നില്‍ കാണാതെയാണ് കടം വാങ്ങിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴ് വര്‍ഷംകൊണ്ട് നാല് ലക്ഷം കോടിയായി കടം വര്‍ധിപ്പിച്ചു. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസ്ക് ഭാരം മുഴുവന്‍ നിലവിലെ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ തലയില്‍ ഏല്‍പ്പിച്ചുവെന്നും ചെന്നിത്തല പരിഹസിച്ചു.
“മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് അസുഖം ബാധിച്ച സമയത്ത് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലിഫ് ഹൗസില്‍ ഒരു നീന്തല്‍കുളം ഉണ്ടാക്കി. അന്നത്തെ പ്രതിപക്ഷ നേതാവ് ഇ.കെ.നായനാര്‍ പറഞ്ഞത് ഈ നീന്തല്‍ കുളത്തില്‍ പട്ടിയെ കുളിപ്പിക്കുമെന്നാണ്. ഇപ്പോള്‍ ക്ലിഫ് ഹൗസില്‍ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നത്.
അച്യുതാനന്ദനെ പോലെ 100 വയസുള്ള മുഖ്യമന്ത്രി നടന്നുകയറിയ ക്ലിഫ് ഹൗസില്‍ പിണറായി വിജയന് 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വെച്ചതിനെ പറ്റി കടകംപള്ളി ആഹ്ളാദത്തോടെയാണ് സംസാരിച്ചത്. അച്യുതാനന്ദനും കരുണാകരനും ലിഫ്റ്റ് വേണ്ടായിരുന്നല്ലോ.
കേരളത്തിന്റെ മുഖ്യമന്ത്രി കോട്ടകെട്ടി അകത്തിരിക്കുകയാണ്. തൊഴുത്ത് ഉണ്ടാക്കി 43 ലക്ഷം രൂപയ്ക്ക് മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്നു. പാല് ചുരത്താന്‍ വേണ്ടി എ.ആര്. റഹ്മാന്റെ പാട്ട് വരെ വെച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമ്പത്തികരംഗത്തെ തകര്‍ത്തുതരിപ്പണമാക്കിയവരാണ് ഈ സര്‍ക്കാര്‍. കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമാണ്’- രമേശ് ചെന്നിത്തല പറഞ്ഞു.
19 എംപിമാര്‍ ജയിച്ച് ഡല്‍ഹിയില്‍ പോയത് ബിജെപിക്കെതിരായ ശക്തമായ പോരാട്ടത്തിനായിരുന്നുവെന്നത് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവുമെന്ന് അദ്ദേഹം പറഞ്ഞു. 19 എംപിമാര്‍ ജയിച്ചത് കടകംപള്ളി സുരേന്ദ്രന് ഇതുവരേയും ഉള്‍കൊണ്ടിട്ടില്ല. കടുത്ത നിരാശയാണ് കാരണമെന്നും അദ്ദേഹം പരിഹസിച്ചു.
പുതുപ്പള്ളിയിലേയും തൃക്കാക്കരയിലേയും ജനങ്ങള്‍ പാഠം തന്നിട്ടും സർക്കാർ പഠിക്കുന്നില്ല. 2024 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.