കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും വരെ ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സംഭവത്തില്‍ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു.സംഭവം നടന്ന 2019 ലെ മെഡിക്കല്‍ രേഖകള്‍ ആശുപത്രിയില്‍നിന്നു ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ മനോജിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടയിലാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. ഈ മാസം ഒന്നിനാണ് ഫേസ്ബുക്കിലൂടെ വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറഞ്ഞത്.