സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.
തർമന്റെ എതിരാളികളായ എൻജി കോക്ക് സോംഗ്, ടാൻ കിൻ ലിയാൻ എന്നിവർക്ക് യഥാക്രമം 15.72, 13.88 ശതമാനം വോട്ടുകൾ ലഭിച്ചു. തർമനുമുമ്പ് രണ്ട് തമിഴ് വംശജര്‍ സിംഗപ്പൂര്‍ പ്രസിഡന്റായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായ സെല്ലപ്പൻ രാമനാഥനും 1981 മുതൽ 1985 വരെ സേവനമനുഷ്ഠിച്ച ചെങ്ങറ വീട്ടിൽ ദേവൻ നായരും.
2001-ൽ രാഷ്ട്രീയത്തിൽ ചേർന്ന തർമൻ രണ്ടു പതിറ്റാണ്ടിലേറെയായി സിംഗപ്പൂരിലെ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ (പിഎപി) പൊതുമേഖലയിലും മന്ത്രിസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ കാലാവധി സെപ്തംബർ 13ന് അവസാനിക്കും. അവർ രാജ്യത്തിന്റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്റുമാണ്.