ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്.
ചാന്ദ്ര പര്യവേക്ഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി. റോവറിന്റെയും മറ്റു പേലോഡുകളുടെയും ചലനം റെക്കോര്‍ഡ് ചെയ്യാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. അതിനിടെയാണ് ചന്ദ്രോപരിതലത്തില്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി പ്രകമ്പനം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.
ഓഗസ്റ്റ് 26നാണ് പ്രകമ്പനം റെക്കോര്‍ഡ് ചെയ്തത്. സാധാരണ നിലയിലുള്ള പ്രകമ്പനമായിരുന്നു ഇത്. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ILSA പേലോഡ് രൂപകല്‍പ്പന ചെയ്ത് യാഥാര്‍ത്ഥ്യമാക്കിയത് ബംഗളൂരുവിലെ LEOS ആണ്. ബംഗളൂരുവിലെ URSC ആണ് വിന്യാസ സംവിധാനം വികസിപ്പിച്ചെടുത്തത്.