ലക്നോ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തു. കുട്ടിയെ തിരിച്ചറിയുന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.
ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളില്‍ വ്യാഴാഴ്ചയാണ് മുസ്ലീം വിദ്യാര്‍ഥിയായ രണ്ടാം ക്ലാസുകാരന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അതേസമയം സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപികയായ തൃപ്ത ത്യാഗി രംഗത്തെത്തി. തനിക്ക് തെറ്റിപറ്റിപ്പോയെന്നും കുട്ടി നന്നായി പഠിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്നുമാണ് വിശദീകരണം.