തെങ്കാശി : തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 30 കടകൾ കത്തിനശിച്ചു. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വെള്ളച്ചാട്ടത്തിന് സമീപത്തുള്ള താൽക്കാലിക കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇതേത്തുടർന്ന് സമീപത്തുള്ള കടകളിലെ 10 സിലിണ്ടറുകളിലും തീ പടർന്നുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശത്താകെ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടം നടന്നയുടൻ അഗ്നിരക്ഷാ സേനയുടെ 40 യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. ഓഫ് സീസൺ ആയതിനാൽ വെള്ളച്ചാട്ടത്തിന് സമീപം വളരെക്കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും വൻ അപകടമാണ് ഒഴിവായതെന്നും അധികൃതർ അറിയിച്ചു.