തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. മനസ്സിനകത്ത് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ ഉണ്ടാകുമായിരിക്കാം. എന്നാല്‍ തങ്ങളോട് ഇക്കാര്യമൊന്നും പങ്കുവെച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു.
രമേശ് ചെന്നിത്തല പൂര്‍ണ തൃപ്തനാണ്. എന്നു മാത്രമല്ല, അദ്ദേഹത്തിന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ കിട്ടാന്‍ സാധ്യതയേറെയാണ്. മാനസിക പ്രശ്നം ഉണ്ടോയെന്ന് പ്രശ്നം വെച്ചു നോക്കണോ?. പ്രശ്നമുണ്ടെങ്കില്‍ അദ്ദേഹം പറയില്ലേയെന്ന് സുധാകരന് ചോദിച്ചു. രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെ സ്ഥിരം പ്രതിനിധിയല്ലേ. പിന്നെന്താണ്?. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയെ തഴഞ്ഞില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എല്ലാ പോസ്റ്റിലും എല്ലാവരെയും വെയ്ക്കാന്‍ കഴിയുമോയെന്നായിരുന്നു സുധാകരന്റെ മറുചോദ്യം.
അതാത് പോസ്റ്റിന് ഓരോരോ ആളുകളെ വെക്കുന്നു. ചെന്നിത്തലയെയും പരിഗണിച്ചിരിക്കുന്നു. കേരളത്തിലെ അര്‍ഹതപ്പെട്ട എല്ലാ ആളുകള്‍ക്കും, നമ്മുടെയെല്ലാം മനസ്സറിഞ്ഞ് സ്ഥാനമാനങ്ങള്‍ പാര്‍ട്ടി കൊടുത്തിട്ടുണ്ട്. അതില്‍ ഒരു തര്‍ക്കവുമില്ല, അഭിപ്രായ വ്യത്യാസവുമില്ലെന്നും കെ സുധാകരന് പറഞ്ഞു.