ന്യൂഡൽഹി : ഭാരത മാതാവ് ഓരോ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എല്ലാവർക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള തന്റെ 145 ദിവസത്തെ ഭാരത് ജോഡോ യാത്രയെക്കുറിച്ചും യാത്രയ്ക്കിടെ ആളുകൾ തന്നെ എങ്ങനെയൊക്കെയാണ് സ്പർശിച്ചതെന്നും ട്വീറ്റിൽ പറയുന്നുണ്ട്. കടൽത്തീരത്ത് നിന്ന് ആരംഭിച്ച യാത്ര മഴയും, വെയിലും പൊടിപടലങ്ങളും കാടുകളും കുന്നുകളുമെല്ലാം താണ്ടി തനിക്ക് ഏറെ പ്രിയപ്പെട്ട കാശ്മീരിലെത്തിയെന്ന് രാഹുലിന്റെ ട്വീറ്റിൽ പറയുന്നു.
കുറച്ച് ദിവസത്തെ യാത്രകൾക്ക് ശേഷം കാൽമുട്ടിന് വേദനയുണ്ടായി. തുടർന്ന് കുറച്ച് ദിവസം എന്റെ ഫിസിയോതെറാപ്പിസ്റ്റ് ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേട്ടെങ്കിലും വേദന പൂർണമായും മാറിയില്ല. ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കാമെന്ന് കരുതുമ്പോഴെല്ലാം അത് തുടരാനുള്ള ഊർജം എവിടെ നിന്നെങ്കിലും ലഭിക്കും.