ചെന്നൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.
ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ വച്ച് ബാലാജിയുടെ സഹോദരന് അശോക് കുമാറിനെ പിടികൂടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍നിന്നുള്ള ഇഡി സംഘം കൊച്ചിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സെന്തില്‍ ബാലാജിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി സംഘം അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ക്ക് നാല് തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. പിന്നീട് ഒളിവില്‍ പോയ ഇയാളെ കണ്ടെത്താന്‍ ഇഡി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു.