ചെന്നൈ : നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്ത് മാസങ്ങൾക്കുള്ളിൽ ഭരണ മാറ്റം സംഭവിക്കുമെന്നും നീറ്റ് വിരുദ്ധ ബിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണ മാറ്റം സംഭവിക്കുമ്പോൾ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’- മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർ എൻ രവിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ. നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും തോറ്റതിൽ മനംനൊന്ത് പത്തൊൻപതുകാരനായ ജഗദീശ്വരൻ ജീവനൊടുക്കിയിരുന്നു. മകന്റെ മരണത്തിൽ മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജഗദീശ്വരന്റെയും പിതാവ് സെൽവശേഖറിന്റെയും വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകൻ ഡോക്ടറായി കാണാൻ അവന്റെ മാതാപിതാക്കൾ ആഗ്രഹിച്ചു. എന്നാൽ ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിത്. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇത്.’- സ്റ്റാലിൻ പറഞ്ഞു. ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നീറ്റ് റദ്ദാക്കും. ഇതിനുവേണ്ടി സംസ്ഥാന സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ‘ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്.