ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽനിന്നുള്ള ബിജെപി ലോക്സഭാംഗം ഹേമമാലിനി. പാർലമെന്റിന് പുറത്ത് ഇന്ത്യ ടുഡേ മാധ്യമപ്രവർത്തകയോടായിരുന്നു അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ നടത്തിയ പ്രസംഗത്തിന് ശേഷം സഭയിൽ നിന്നിറങ്ങവെ വനിതാ ബിജെപി അംഗങ്ങളെ നോക്കി രാഹുൽ ഫ്ളൈയിങ് കിസ് നൽകി എന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നത്.
ബിജെപി വനിതാ അംഗങ്ങൾക്ക് നേരേ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയത് നിങ്ങൾ കണ്ടോ എന്നായിരുന്നു ഇന്ത്യാ ടുഡേ മാധ്യമപ്രവർത്തകയുടെ ചോദ്യം. ‘എനിക്കറിയില്ല. ഞാനതു കണ്ടില്ല.’ എന്നായിരുന്നു ഹേമമാലിനിയുടെ മറുപടി. അതേസമയം, സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകിയ എംപിമാരുടെ കൂട്ടത്തിൽ ഹേമമാലിനിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഫ്ളൈയിങ് കിസ് ആരോപണത്തിൽ ബിജെപി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി ശോഭ കരന്ദ്ലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ കണ്ടത്. സഭയിൽ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ആരോപിച്ചത്. ‘മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിനെ വനിതാ അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ളൈയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്കാരമാണ്’ – എന്നായിരുന്നു അവരുടെ വാക്കുകൾ.
മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ രാഹുലും സ്മൃതി ഇറാനിയും കൊമ്പുകോർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ആയിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. ‘ഭാരതമാതാവിനെ കൊല ചെയ്ത നിങ്ങൾ ദേശദ്രോഹിയാണെന്ന്’ രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.’നിങ്ങൾ ഭാരതമാതാവിന്റെ കാവൽക്കാരല്ല. കൊന്നു കളഞ്ഞവരാണ്. നിങ്ങൾ വഞ്ചകനും ദേശദ്രോഹിയുമാണ്. ദേശഭക്തനല്ല. മേഘ്നാഥിനെയും കുംഭകർണനയെും മാത്രം കേട്ട രാവണനെ പോലെയാണ് മോദി. അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ് പ്രധാനമന്ത്രി കേൾക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിന്റെ രാജ്യത്തിന്റെ ഭാഗമായല്ല കാണുന്നത്. ഞാൻ മണിപ്പൂർ സന്ദർശിച്ചു. പ്രധാനമന്ത്രി പോയില്ല.’ – രാഹുൽ കുറ്റപ്പെടുത്തി.