തിരുവനന്തപുരം: അതിഥി പോർട്ടൽ രജിസ്ട്രേഷന് തിങ്കളാഴ്ച തുടക്കമാകും. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും രജിസ്റ്റർ ചെയ്യിക്കുകയാണ് ലക്ഷ്യം.രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം.ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം .
athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.