കോഴിക്കോട് : പൊലീസ് ബാരിക്കേഡ് കാരണം ആംബുലൻസിന്റെ സഞ്ചാരം തടസപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് കമ്മിഷണർക്ക് നിർദേശം നൽകി. സംഭവത്തിൽ നല്ലളം സിഐയോടെ സിറ്റി കമ്മിഷണർ വിശദീകരണം തേടി. എന്നാൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡാണ് ആംബുലൻസിന് തടസമായത്. നല്ലളം പൊലീസ് സ്റ്റേഷനു സമീപം കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം തടയാന്‍ പൊലീസ് ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ആംബുലന്‍സ് അതുവഴി കടന്നുവന്നിട്ടും ബാരിക്കേഡ് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി. ഇതോടെ രോഗിയുമായി വന്ന ആംബുലൻസ് തിരിച്ചുപോവുകയായിരുന്നു.