കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ 2018 ല്‍ ഡല്‍ഹിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.
ഈ കേസില്‍ ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക് ആലത്തെ അറസ്റ്റു ചെയ്തത്. കേസില്‍ ഒരുമാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡല്‍ഹിയിലെ കേസ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.
ഇയാളുടെ സ്വന്തം നാടായ ബിഹാറില്‍ അസഫാക് സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്പി വ്യക്തമാക്കി. ആലുവ സബ് ജയിലില്‍ വെച്ച് അസഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. കേസില്‍ ദൃക്സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ട തൊഴിലാളി താജുദ്ദീന്, പ്രതി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരിയായ സ്ത്രീ തുടങ്ങിയവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.