മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും.
ഇന്ത്യ–പാക്ക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു.
മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്നു ചൂണ്ടിക്കാട്ടി ചില ടീമുകൾ സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബർ 14ന് രണ്ട് മത്സരങ്ങൾ നിശ്ചയിട്ടുണ്ട്. ന്യൂസീലൻഡ്–ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്–അഫ്ഗാനിസ്ഥാൻ മത്സരവും 14നാണ്. മത്സരങ്ങളുടെ സമയക്രമത്തിൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ എന്നും വേദി മാറ്റില്ലെന്നും ജയ് ഷാ പ്രതികരിച്ചു.