തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ എട്ടിന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം.
ഘോഷയാത്രകളിൽ കുട്ടികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു. പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉത്തരവിൽ നടപടി സ്വീകരിക്കാനും കമ്മീഷന് റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
കരുനാഗപ്പള്ളിയിൽ ആറാം ക്ലാസ് വിദ്യാർഥികളെ കഴിഞ്ഞ സ്വതന്ത്ര്യദിനാഘോഷ പരിപാടിയിൽ ടൗണിലെ തിരക്കേറിയ ദേശീയ പാതയിലൂടെ ചുട്ടുപൊള്ളുന്ന വെയിലിൽ, ഭക്ഷണവും കൂടിവെള്ളവും നൽകാതെ മണിക്കൂറുകൾ നടത്തിച്ചെന്ന കൊല്ലം കുന്നത്തൂർ ഈസ്റ്റ് സ്വദേശിയുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ്.