തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം . രണ്ടു തവണ കേരള നിയമസഭയിൽ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായിരുന്നു. രണ്ടു തവണ ആലപ്പുഴയിൽനിന്നുള്ള ലോക്സഭാ അംഗവുമായി.
കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കറായ വ്യക്തിയെന്ന ബഹുമതിയും വക്കം പുരുഷോത്തമന്റെ പേരിലാണ്. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.1928 ഏപ്രില്‍ 12ന് ആറ്റിങ്ങലിലെ വക്കത്ത് ജനിച്ച അദ്ദേഹം സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്.
1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീടാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിൽ എത്തിയത്. 2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന് അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു.