കോഴിക്കോട് : കള്ള് ലഹരിയില്ലാത്ത പാനീയമെന്നും ബംഗാളിൽ ബെഡ് കോഫിക്ക് പകരം പനങ്കള്ള് കുടിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോഴിക്കോട് എൽഡിഎഫിന്റെ ‘മണിപ്പുരിനെ രക്ഷിക്കൂ’ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണെന്നും അത് മാറണം. തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ല. കയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിനു കാരണം.കള്ള് ലഹരിയില്ലാത്ത പാനീയമാണ്. ചെത്തിയ ഉടൻ കുടിച്ചാൽ അതിൽ ലഹരി ഉണ്ടാവുകയില്ല. കേരളത്തിൽ ധാരാളമുള്ള തെങ്ങുകളിൽ നിന്നും കള്ളും നീരയും എല്ലാമെടുത്താൽ അത് നാളികേര കർഷകർക്ക് ഒരധിക വരുമാനം കൂടിയാകും. അത്തരത്തിൽ ബോധവൽക്കരണം കൊണ്ടേ ഇതിനെ മാറ്റാനാവൂ.
‘നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും. ആധുനിക കാലഘട്ടത്തിന്റെ രീതിയിലേക്ക് കള്ളുഷാപ്പുകൾ മാറണം. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാവില്ല. അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല. കള്ളുചെത്ത് തൊഴിലാളികൾക്ക് പൂർണസംരക്ഷണം ഉറപ്പാക്കും. നയവുമായി ബന്ധപ്പെട്ട് എഐടിയുസിക്ക് എതിർപ്പുണ്ടെങ്കിൽ ചർച്ച നടത്താം. റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെ’’– ഇ.പി.ജയരാജൻ പറഞ്ഞു.പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിപ്രായങ്ങളുണ്ടാവും, അവർ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘