തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണു പി.ജയരാജന്റേത്.
ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജൻ മുന്നറിയിപ്പു നൽകി.സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജൻ. ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.