തിരുവനന്തപുരം: ഐടിപാർക്കുകള്ക്ക് പുറമെ വ്യവസായ പാർക്കുകളിലും മദ്യം നല്‍കാനുള്ള തീരുമാനമെടുത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഐടി പാർക്കുകളില്‍ വിദേശമദ്യം വിതരണം ചെയ്യുന്നതിനുള്ള ചട്ടഭേദഗതി പുരോഗതിയിലാണ്..സാമനമായ രീതിയില്‍ വ്യവസായ പാർക്കുകളിലും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കും.ലഹരി വിമുക്ത പ്രവർത്തനത്തിലൂന്നിയാണ് പുതിയ മദ്യനയമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
കള്ളിന് മുൻതൂക്കം നൽകി സംസ്ഥാനത്ത് പുതിയ മദ്യനയം. കേരള ടോഡി എന്ന ബ്രാൻഡിൽ കള്ള് ഉൽപാദിപ്പിക്കും. വിദേശികളെ ലക്ഷ്യമിട്ട് കള്ള് ഷാപ്പുകളുടെ മുഖഛായ മാറ്റും. വിദേശ മദ്യവും ബിയറും പരമാവധി കേരളത്തിൽ ഉത്പാദിപ്പിക്കും.ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കും.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
ബ്രാന്‍ഡ് രജിസ്ട്രേഷന് ഫീസും എക്സപോർട്ട് ഫീസും പുനക്രമീകരിക്കും. ഇതോടെ ജവാന് ഉള്‍പ്പെടെയുള്ള മദ്യങ്ങള്‍ കയറ്റുമതി ചെയ്യാനാകും. അതേസമയം, കേരളത്തിന്റെ മദ്യത്തിന്റെ ഉപയോഗം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനം ഇതുവരെ വർധിച്ചത്. 340 കോടി രൂപ അധികവരുമാനം ലഭിച്ചതായും എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 30ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വർധിപ്പിച്ചത്. ഒന്നാം തീയതി ഡ്രൈഡേ തുടരും.