തിരുവനന്തപുരം: കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ ഒഡിഷയുടേയും ആന്ധ്രയുടേയും തീരത്തേക്ക് നീങ്ങാനിടയുണ്ട്. അറബിക്കടലിൽ പാകിസ്ഥാനും രാജസ്ഥാനുമിടയ്ക്ക് ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ ഗതിമാറ്റം വ്യക്തമായിട്ടില്ല. കൊങ്കൺ തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദപാത്തിയും രൂപമെടുത്തിട്ടുണ്ട്. ഇതുമൂലമാണ് വടക്കൻ കേരളത്തിൽ മഴ ശക്തമായത്.