കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്ക് കുറിപ്പിലൂടെ അധിക്ഷേപിച്ച് മന്ത്രി പി. രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബി. സേതുരാജ്. കുറിപ്പ് വിവാദമായതോടെ സേതുരാജിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.അരനൂറ്റാണ്ടെത്തുന്ന തന്റെ ജീവിതത്തില്‍ താന്‍ സമ്പാദിച്ചതെല്ലാം ഉമ്മന്‍ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അയാളോടുള്ള വെറുപ്പിന്റെ പ്രകടനവുമാണെന്നുമാണ് സേതുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റ രീതികളും മര്യാദകളും ലംഘിച്ച് ഇയാള്‍ നടത്തിയ അധിക്ഷേപം ഗൗരവമേറിയതാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്ന സാഹചര്യത്തില്‍, സമൂഹമാധ്യമത്തിലൂടെ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് ദുരുദ്ദേശപരവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും പറ്റി രാഷ്ട്രീയ വിദ്വേഷപ്രചാരണം നടത്തുന്ന ഇയാള്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായും ഡിസിസി നേതൃത്വം അറിയിച്ചു.