കെ.എസ് .യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായി മാറിയാണ് ഉമ്മൻ ചാണ്ടി വിടവാങ്ങുന്നത്. എന്നും ജനങ്ങൾക്ക് ഇടയിൽ മാത്രം കാണുന്ന തരത്തിലുള്ള അപൂർവ ജനുസ്സിൽ പെട്ട രാഷ്ട്രീയക്കാരൻ. ഏതു ക്ഷീണം വന്നാലും പുതുപ്പള്ളിയുടെ ഗന്ധം ശ്വസിച്ചാൽ അതൊക്കെ മറന്ന് വീണ്ടും തിരക്കിലേക്ക് കുതിക്കുന്ന സ്വാഭാവക്കാരൻ . അര നൂറ്റാണ്ടിലേറെയായി ഒരേ മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്തിയ സാമാജികനെന്ന റെക്കോഡ് സ്വന്തമാക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞത് സ്വന്തം നാടിനു നൽകിയ ആ കരുതൽ കൊണ്ടുതന്നെയാണ്.
1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി.ജെ.ഉമ്മൻ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായിരുന്നു. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂൾകാലത്ത് അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അക്കാലത്തു തന്നെ കെഎസ്യുവിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ചു. കെഎസ്യുവിന്റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി. 1962 ൽ കെഎസ്യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു. 1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.
തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു.എല്ലാ ഞായറാഴ്ചയും സ്വന്തം മണ്ഡലത്തിലും പുതുപ്പള്ളിയിലെ ഇടവക പള്ളിയിലും എത്തി ജനങ്ങളോട് ഇടപഴകാൻ തുടിക്കുന്ന മനസ്സായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാലും പുതുപ്പള്ളിക്കാർ ഉമ്മൻചാണ്ടിയെ വിടില്ല എന്ന് സാരം. ശാരീരികമായി അത്ര നല്ല നിലയിൽ അല്ലെന്നു അറിഞ്ഞിട്ടും ഇടതുതരംഗത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളി ഉമ്മൻചാണ്ടിക്ക് ഒപ്പം നിന്നതിന്റെ കാരണം മറ്റൊന്നല്ല.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി. അതിനുള്ള അംഗീകാരമായി യുഎന്നിന്റെ പുരസ്കാരവുമെത്തി. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.