തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്സിന് എന്നിവര്‍ ഒളിവിലാണ്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്.വസ്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു.
കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകം. 40 ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.