റാമിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.
ആശീർവാദ് സിനിമാസിന്റെ 33മത്തെ ചിത്രം കൂടിയാണിത്. ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ദൃശ്യം, ദ്യശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒരുമിച്ച് പ്രവർത്തിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം എന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാനഘട്ടത്തിലാണ്. ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച ദൃശ്യം വലിയ വിജയമാണ് സമ്മാനിച്ചത്. അതിനാൽ തന്നെ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.