തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടും, കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുകയാണ്.
തെക്കന്‍ മഹാരാഷ്ട്ര തീരംമുതല്‍ വടക്കന്‍ കേരളാ തീരംവരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്ക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നില്‍ക്കുന്നുണ്ട്. ഇതോടെ അടുത്തദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച അഞ്ച് ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.