തിരുവല്ല: പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച ഭർത്താവ് ഭാര്യയുടെ കൊലപാതകത്തിൽ അറസ്റ്റിൽ. കൊല നടന്ന് 17 വർഷത്തിനുശേഷമാണ് കോയിപ്രം രമാദേവി കൊലക്കേസിൽ ഭർത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആർ ജനാർദ്ദനനെ (75) തിരുവല്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് . റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ ആണ് ജനാർദ്ദനൻ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2006 മേയ് 26ന് വൈകിട്ടാണ് രമാദേവിലെ വീട്ടിലെ ഊണുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, തമിഴ്നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ജനാർദനൻ നായരെ അറസ്റ്റ് ചെയ്തത്.
കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഫലമില്ലാതെ വന്നപ്പോൾ ഭർത്താവ് ജനാർദനൻ നായർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനാർദനൻ നായരുടെ സഹോദരൻ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാൽ കേസ് അട്ടിമറിക്കപ്പെട്ടു. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ സുനിൽ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു.
കേസിൽ നിർണായക തെളിവായത് കൈകളിലുണ്ടായിരുന്ന 40 മുടിയിഴകളാണ് . വീടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട രമാദേവിയുടെ ഒരു കയ്യിൽ 36 ഉം മറ്റേകയ്യിൽ 4 മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകൾ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ച് ഭർത്താവ് ജനാർദനൻ നായരുടെതാണെന്നു കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാലുവർഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. അതേസമയം, കൊലപാതകം നടന്ന് നാലാം വർഷം വന്ന റിപ്പോർട്ടും 17 വർഷങ്ങൾക്കുശേഷം നടന്ന അറസ്റ്റും ദുരൂഹത ഉണർത്തുന്നു. കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം നാട്ടുകാരും ഉയർത്തുന്നു.