തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. റോബിൻ(42) എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹവും കണ്ടെത്തി. പുതുക്കുറുച്ചി സ്വദേശികളായ സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
പുലിമുട്ടിനിടയിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന് പിന്നാലെ പുതുകുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകൾ അകലെയുള്ള പുലിമുട്ടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്നലെ പുലിമുട്ടുകൾക്ക് ഇടയിൽ തെരച്ചിൽ നടത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതൽ നാവിക സേനയുടെ സ്ക്യൂബ ഡൈവേഴ്സ് പുലിമുട്ടുകൾക്കിടയിൽ തെരച്ചിൽ നടത്തി. നാട്ടുകാരായ രക്ഷാ പ്രവർത്തകരും ഒപ്പം ചേർന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ സുരേഷ് ഫെർണാണ്ടസിനെ കണ്ടെത്തി. അപകടത്തിൽപെട്ട ബോട്ടിന്റെ വലയിൽ കുരുങ്ങിയനിലയിൽ പുലിമുട്ടുകൾക്ക് ഇടയിൽ ആയിരുന്നു മൃതദേഹം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് പുതുകുറിച്ചിയിൽ നിന്നും പോയ നാലംഗ സംഘത്തിന്റെ ബോട്ട് കൂറ്റൻ തിരമാലയിൽപെട്ട് മറിഞ്ഞത്.