തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് സർക്കാർ വിലക്കേർപ്പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടേതാണ് നടപടി. അഞ്ച് വർഷം സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തി. കമ്പനിയുടെ പേരിലോ ബെനാമി പേരിലോ ടെണ്ടറിൽ പങ്കെടുക്കാനാകില്ല. മേൽപാലം നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചിരുന്നു. ബലക്ഷയം സംഭവിച്ച പാലം ഡിഎംആർസിയെ ഉപയോഗിച്ചാണ് വീണ്ടും ഗതാഗത യോഗ്യമാക്കിയത്.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലം നിർമാണത്തിന് അനുമതി നൽകിയത്. 2014 സെപ്റ്റംബറിൽ പാലത്തിന്റെ നിർമാണം ആരംഭിച്ചു. 42 കോടിരൂപയായിരുന്നു നിർമാണ ചെലവ്. 2016 ഒക്ടോബറിൽ പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു. 2017ൽ പാലത്തിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു. 2018ൽ പാലത്തിൽ പലയിടങ്ങളിലും വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2019ൽ മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠനം നടത്തി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പിഡബ്ലുഡി സെക്രട്ടറി ടി.ഒ.സൂരജിനെ അറസ്റ്റു ചെയ്തു. മുൻ പിഡബ്ലുഡി മന്ത്രി ഇബ്രാംഹിംകുഞ്ഞിനെ കേസിൽ പ്രതിചേർത്തു.