ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാഗം അതിവേഗം തീയണച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ആക്രമണത്തെ യുഎസ് അപലപിച്ചു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. ഖലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിങ് സന്ധുവും കോൺസുലേറ്റ് ജനറൽ ഡോ. നാഗേന്ദ്ര പ്രസാദ് എന്നിവരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചു.