ലണ്ടൻ: വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം വായിക്കാൻ കഴിയുന്ന തരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റിൽ മസ്ക് പറഞ്ഞു.
പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്, പരിധി 300 പോസ്റ്റുകൾ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ കാണാമെന്നും മസ്ക് വ്യക്തമാക്കി. ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താൽക്കാലിക പരിധി നിശ്ചയിക്കുന്നത്. ട്വീറ്റുകൾ കാണുന്നതിന് ട്വിറ്റർ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് വേണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം സോഷ്യൽ മീഡിയ കമ്പനിയുടെ ബിസിനസ് തിരിച്ചുകൊണ്ടുവരാൻ വീഡിയോ, ക്രിയേറ്റർ, ബിസിനസ് പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ ഈ മാസം ആദ്യം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.