തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോൺ വന്നതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയൽവാസികളായ ജിഷ്ണുവും സഹോദരൻ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല.
ഇവർ രാജുവും കുടുംബവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. അതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സംഘർഷത്തിനും കയ്യാങ്കളിക്കുമിടെ പെൺകുട്ടിയുടെ പിതാവിനെ ഇവർ മൺവെട്ടിയുമായി ആക്രമിച്ചു. ജിഷ്ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴിച്ചത്. തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലു പേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മർദ്ദനമേറ്റ രാജു തൽക്ഷണം മരിച്ചെന്നാണ് വിവരം. മുൻപ് വിദേശത്തായിരുന്ന രാജു, പിന്നീട് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു.