


വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥ റോളില്‍ അമേരിക്കയ്ക്ക് ആശങ്ക. വിഷയത്തില്‍ മധ്യസ്ഥനായി നില്ക്കാന് ശ്രമിക്കുന്ന പാകിസ്ഥാന് ഒരേസമയം രണ്ടു പക്ഷത്തും ചേര്‍ന്ന് കളിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പാകിസ്ഥാന് ഒരേസമയം മുയലിനെപ്പോലെ ഓടുകയും, വേട്ടനായയെപ്പോലെ വേട്ടയാടുകയും ചെയ്യുന്നതായി തോന്നുന്നുവെന്നാണ് അമേരിക്ക സംശയിക്കുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന് നല്കുന്ന വിവരങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് വലിയ സംശയമുണ്ട്. ഇറാന് പറയുന്ന കാര്യങ്ങള്‍ മാറ്റങ്ങളോടെയാണ് പാകിസ്ഥാന് തങ്ങളെ അറിയിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു. വാഷിംഗ്ടണിനും ടെഹ്റാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് ട്രംപുമായി അടുപ്പമുള്ള ചിലര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന പ്രക്രിയയുടെ അവസ്ഥയില്‍ ട്രംപിന്റെ അതൃപ്തി പാകിസ്ഥാന് യഥാര്‍ത്ഥ രീതിയില്‍ ഇറാനെ അറിയിക്കുന്നുണ്ടോ എന്ന് യുഎസ് ഭരണകൂടം സംശയിക്കുന്നു. ഇരാന്റെ നിലപാടിനെ യഥാര്‍ത്ഥത്തേക്കാള്‍, കൂടുതല്‍ പോസിറ്റീവ് ആക്കിയാണ് പോകീസ്ഥാന്‍ അമേരിക്കയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും യുഎസ് ഭരണകൂടം വിലയിരുത്തുന്നു. പാകിസ്ഥാന്റെ അപകടകരമായ ഇരട്ടത്താപ്പിന് തെളിവാണ് ഇറാന് സൈനിക വിമാനങ്ങളെ അവരുടെ വ്യോമതാവളങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചതെന്നും യുഎസ് കണക്കുകൂട്ടുന്നു.
ഒരുപക്ഷേ അമേരിക്കന്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കാം, മധ്യസ്ഥത വഹിക്കുമ്പോഴും പാകിസ്ഥാന്റെ നടപടി. അഫ്ഗാനിസ്ഥാനില്‍ പാര്‍ക്ക് ചെയ്യാന്‍ ഇറാന് സിവിലിയന്‍ വിമാനങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും, അതില്‍ സൈനിക വിമാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന് അയച്ച സമാധാന നിര്‍ദ്ദേശത്തെ അറപ്പുളവാക്കുന്ന ഒന്ന് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയത്. നിലവിലെ വെടിനിര്‍ത്തല്‍ തീര്‍ത്തും ദുര്‍ബലമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.